കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കി പോലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.
കേസിൽ കൂടുതൽ അധ്യാപകർക്കോ വിദ്യാർഥികൾക്കോ പങ്കുണ്ടോയെന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. പിടിയിലായ അധ്യാപികമാർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെയും ഇവരിൽനിന്ന് ലഹരി വാങ്ങിയിട്ടുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതിനിടെ, കേസിൽ ഉൾപ്പെട്ട അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ കഴിഞ്ഞ ദിവസം തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.